തിരക്കുപിടിച്ച ജീവിതത്തിൽ ഘടികാരം പായുമ്പോൾ നാം പലപ്പോഴും പിന്നിലായി സഞ്ചരിക്കുന്നത് അനുഭവപ്പെടുന്നത് ഇന്നത്തെ കാലത്ത് എല്ലാ മനുഷ്യജീവികളും അനുഭവിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ്. സമ്മർദ്ദവും വിഷാദവും “ഉപ്പുചേരാത്ത കറിയില്ല” എന്ന ചൊല്ലു പോലെയാണ് ഇന്ന് പലരുടെയും ജീവിതത്തിൽ. സമ്മർദ്ദം എന്ന സ്ലോ പോയിസൺ ഓരോ മനുഷ്യനെയും മാനസികമായും, ശാരീരികമായും തകർത്തി കൊണ്ടിരിക്കുന്നു. എന്നാൽ ഇത് എങ്ങനെ തരണം ചെയ്യണമെന്ന് പലർക്കും ഇന്നും അറിയില്ല. മനസ്സിനെ അലട്ടുന്ന പല ചിന്തകളിൽ നിന്നും മനസ്സിനെ ഏകാഗ്രമാക്കാൻ ഉള്ള ഏറ്റവും വലിയ ഉപായമാണ് ധ്യാനം. എന്നാൽ ആദ്യമായി ധ്യാനം ശീലിക്കുന്നവർക്ക് ഇത് അത്ര എളുപ്പമായിരിക്കില്ല. ദിവസേന ധ്യാനം ചെയ്താൽ ഇത് അനായാസമായ ഒരു പ്രക്രിയയായി മാറും. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒരു ശാന്ത പൂർണമായ സ്ഥലത്തേക്കുള്ള ഒരു യാത്രയാണ് ധ്യാനം എന്ന് കൂടി പറയാം. അല്പനേരം മറ്റുള്ള ചിന്തകളിൽ നിന്നും മനസ്സിനെ സ്വതന്ത്രമായി സഞ്ചരിക്കാനും ധ്യാനം സഹായിക്കുന്നു. ശുഭപ്രതീക്ഷയിൽ ജീവിതം നയിക്കാനും, സമ്മർദ്ദവും ഉത്കണ്ഠയും അകറ്റി ഊർജ്ജസ്വലതയും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു ഉപായം കൂടിയാണ് ധ്യാനം. കുട്ടികളിലും മുതിർന്നവരിലും ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടുവരുന്ന കോർട്ടിസോൾ എന്ന സമ്മർദ്ദം കൂട്ടുന്ന ഹോർമോണിനെ ഭാഗികമായി കുറയ്ക്കാനും ധ്യാനം സഹായിക്കുന്നു. പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും, കാര്യക്ഷമത വർദ്ധിപ്പിക്കാനും, വ്യക്തമായി ചിന്തിക്കാനും കൂടി നമ്മെ പരിശീലിപ്പിക്കുകയാണ് ധ്യാനം ചെയ്യുന്നത്. സമീകൃത ആഹാരവും, വ്യായാമവും ധ്യാനം എന്ന ജീവിതരക്ഷാകാരിയുടെ ഫലം വർദ്ധിപ്പിക്കുന്നു.