ബാല്യകാലം എന്ന കാലഘട്ടം ഓർക്കുമ്പോൾ എല്ലാവർക്കും ആദ്യം മനസ്സിൽ കടന്നുവരുന്നത് അന്ന് നമ്മൾ കളിച്ചിരുന്ന പലതരത്തിലുള്ള കളികളാണ്. പാത്തിരിപ്പ്, അക്ക്, കള്ളനും പോലീസും, കുട്ടിയും കോലും അങ്ങനെ എന്തെല്ലാം കളികളാണ് നാം കളിച്ചത്. അതിൽനിന്ന് നാം ജീവിതപാഠങ്ങൾ പഠിച്ചു, ജയിക്കാൻ പഠിച്ചു, തോറ്റാൽ അത് അംഗീകരിക്കാൻ പഠിച്ചു. ജീവിതത്തിൽ വേണ്ട പല നല്ല കഴിവുകൾ അതായത്, നേതൃത്വം നൽകാൻ, പ്രതിസന്ധികൾ വന്നാൽ അത് തരണം ചെയ്തു മുന്നോട്ടു പോകാൻ നമ്മെ പ്രാപ്തരാക്കി. എന്നാൽ ഇന്നത്തെ കുട്ടികളുടെ ബാല്യകാലം നോക്കിയാൽ തികച്ചും വ്യത്യസ്തമാണ്. നമ്മൾ പണ്ട് മണ്ണിലും പാടത്തും കളിച്ച കളികൾ ഇന്ന് മൺമറഞ്ഞു പോകുന്നതായി കാണാൻ സാധിക്കും. കോവിഡ് എന്ന മഹാമാരി ഉടലെടുത്തപ്പോൾ എല്ലാ കുട്ടികളും വീടിനുള്ളിൽ മൂടപ്പെട്ടു. പുതിയ സാങ്കേതിക വിദ്യകൾ അവരെ സ്വാധീനിച്ചു. കുട്ടികൾ കൂടുതൽ സമയവും മൊബൈൽ ഫോണിൽ ചിലവഴിക്കാൻ തുടങ്ങി. ഈ മഹാമാരി വന്നുപോയിട്ടും കുട്ടികളിൽ ഈ ഒരു ശീലം അവശേഷിക്കുന്നു. കളികളുടെ അഭാവത്തിൽ കുട്ടികൾ ശാരീരികമായും മാനസികമായും വളരാൻ കഴിയാതെ പോകുന്നു. കുട്ടികൾ കളിക്കുമ്പോൾ ആണ് വളരുന്നത്. അത് അവർക്ക് ഉന്മേഷവും ആവേശവും പകർന്നു കൊടുക്കുന്നു. സാമൂഹിക സമ്പർക്കത്തിനും അതിലൂടെ പുതിയ അറിവുകൾ ലഭിക്കാനും ബാല്യകാലത്തിലെ ഈ കളികൾ അവരെ സഹായിക്കുന്നു. കുട്ടികൾ കളികളിലൂടെ അവരുടെ ലോകത്തെ അനുഭവിക്കുകയും പഠിക്കുകയും ചെയ്യുന്നു. കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവും വൈകാരികവുമായ വികസനത്തിനും അവരുടെ ഭാവനയും സർഗാത്മകതയും വളർത്തിയെടുക്കാനും ഉള്ള ഒരു ഉപകരണം കൂടിയാണ് കളികൾ.