ഡോൺ ബോസ്കോ നിവാസിലെ സ്റ്റാഫ് അംഗങ്ങളുടെ ഈ വർഷത്തെ വിനോദയാത്ര
19.1.2023 വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും കുട്ടനാട്ടിലേക്ക് ആയിരുന്നു . ഡോൺ ബോസ്ക്കോ ഡയറക്ടർ ഫാദർ സജി എളമ്പശ്ശേരിയിൽ അച്ഛന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വിനോദയാത്ര , 5.30am ന് ഫാദർ ജിജി കലവനാൽ (റെക്ടർ, ഡോൺ ബോസ്ക്കോ ) അച്ഛന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. രാവിലത്തെ കുളിരുള്ള കാറ്റേറ്റ് ചിലർ ഉറക്കമായി. Mr അശോക് ചില ഗാനങ്ങൾ പടിക്കൊണ്ടിരുന്നു. വഴിയിൽ നിന്നും അംഗങ്ങൾ ബസിൽ കയറുവാൻ ഉണ്ടായിരുന്നു. അവരെയും എടുത്തുകൊണ്ട് തിരക്ക് കുറവായ ഹൈവേയിലൂടെ ബസ് കുതിച്ചുകൊണ്ടിരുന്നു. തിരുവന്തപുരം നഗരം ഉണർന്ന് വരുന്നതേ ഉള്ളു.
ഏകദേശം എട്ടരയോടെ ഞങ്ങൾ ഹരിപ്പാട് എത്തി. ഹൈവെയുടെ സമീപമുള്ള മുരളി ഹോട്ടലിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് പത്തുമണിയോടെ ഞങ്ങൾ ആലപ്പുഴയിൽ ഹൌസ് ബോട്ട് പുറപ്പെടുന്ന സ്ഥലത്ത് എത്തി. പത്തു മിനിറ്റിന് ശേഷം ഞങ്ങൾ ബോട്ടിന് സമീപത്തേക്ക് നടന്നു. കണ്മുൻപിൽ നൂറു കണക്കിന് എണ്ണം പറഞ്ഞ ഹൌസ് ബോട്ടുകൾ. ശിവശക്തി എന്ന രണ്ട് നില ബോട്ടായിരുന്നു ഞങ്ങളുടേത്. എല്ലാവരും ബോട്ടിൽകയറി. മൂന്ന് ബെഡ് റൂമുകൾ, സിറ്റ് ഔട്ട്, അടുക്കള എന്നിവ താഴെയും, ഒത്തുചേരുവാനും ഭക്ഷണം കഴിക്കുവാനുമുള്ള സ്ഥലം മുകളിലുമായി ബോട്ടിൽ ക്രമീകരിച്ചിരുന്നു.
വിശാലമായ രണ്ട് നില ബോട്ട്. ഓരോരുത്തരും ഫോട്ടോ എടുക്കാനുള്ള തിരക്കിൽ ആയിരുന്നു. താഴെയും മുകളിലുമെല്ലാം ഞങ്ങൾ ചുറ്റി നടന്നു കണ്ടു. കുടിക്കാൻ തണുത്ത മധുരപാനിയം നൽകി ബോട്ടിലെ പ്രവർത്തകർ ഞങ്ങളെ സ്വീകരിച്ചു. തുടർന്ന് പതിനൊന്നു മണിയോടെ ബോട്ട് നീങ്ങി തുടങ്ങി. പുന്നമട കായലിലൂടെ പതുക്കെ നീങ്ങുന്ന ബോട്ടിലിരുന്ന് കായലിന്റെ ഇരുവശവും ഞങ്ങൾ കണ്ട് ആസ്വദിച്ചു.
പുന്നമട കായലിലൂടെയുള്ള യാത്ര ബഹുരസമായിരുന്നു . നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ പലരും നേരിൽ കാണുന്നത് ആദ്യമായിട്ടായിരുന്നു. പുന്നമടക്കായലിൽ നിന്നും തിരിഞ്ഞ് നേരെ വട്ടക്കായലിലേക്ക് . ” പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും” എന്ന മലയാള സിനിമ പൂർണമായും ചിത്രീകരിച്ചത് ഇവിടെയായിരുന്നു. വട്ട കായലിൽ ഒന്ന് വട്ടംചുറ്റി പമ്പ നദിയിലൂടെ ബോട്ട് പതുക്കെ നീങ്ങിത്തുടങ്ങി. കുട്ടനാടിന്റെ തനത് ഗ്രാമഭംഗികൾ കാണേണ്ടത് ഇപ്പോഴാണ്. ചെറിയ വീടുകൾ, ഇടത്തരം കടകൾ , ചെറിയ വള്ളങ്ങളിൽ അവശ്യ വീട്ടുസാധനങ്ങൾ വിൽക്കുന്നവർ, കായലിന്റെ കരയിൽ പടിക്കെട്ടുകളിൽ ഇരുന്ന് പാത്രങ്ങൾ കഴുകുന്ന അമ്മമാർ. വീടുകൾക്ക് പുറകിൽ പച്ച പുതച്ചു കണ്ണെത്താ ദൂരം കിടക്കുന്ന വയലുകൾ… മനോഹരമായ തെങ്ങിൻ തോപ്പുകൾ, കൃഷിയിടങ്ങൾ….ഓ….കുട്ടനാടൻ കാഴ്ചകൾ കണ്ണിന് കുളിർമ നൽകുന്നത് തന്നെ
പമ്പാ നദിയിലൂടെ ഒഴുകി നീങ്ങിയ നൗക ഇപ്പോൾ കടക്കുന്നത് മറ്റൊരു കായലിലേക്കാണ്…..
കായലുകളുടെ രാജാവ്
കേരളത്തിലെ നൽപ്പത്തിയറ് കായലുകളെയും അടക്കിവാഴുന്ന നാല്പത്തി ഏഴാമൻ , വലിപ്പത്തിലും, ജല വിസ്തൃതിയിലും ഒന്നാമൻ കായൽ തീരത്തെ മനുഷ്യരെയും, ജലജീവികളെയും, കായൽ പക്ഷികളെയും കാലങ്ങളായി പോറ്റുന്നവൻ…..
അതെ… ഒരേ ഒരു രാജാവ് , ഒരേ ഒരു സുൽത്താൻ, ഒരേ ഒരു ബാദുഷ……. സാക്ഷാൽ ‘വേമ്പനാട്ട് കായൽ ‘
വേമ്പനാട്ട് കായൽ എന്താണെന്ന് അറിയണമെങ്കിൽ വേമ്പനാട്ടു കായലിന്റെ വിരിമാറിലേക്ക് ഇറങ്ങണം. നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന കായൽ പരപ്പ് . പെട്ടെന്നാണ് ബോട്ടിനു മുൻപിൽ വെള്ളത്തിൽ എന്തോ വന്നു പതിച്ചത്.. നോക്കി നിൽക്കുമ്പോൾ വെള്ളത്തിൽ നിന്ന് എന്തോ ഉയർന്നു വന്നു പറന്നു പോകുന്നു. പൊന്മാനാണ്. അതിന്റെ ചുണ്ടിൽ ഒരു മീനും. കായൽക്കരയിലെ ഇല പൊഴിഞ്ഞ മരത്തിൽ കുറെ കറുത്ത പക്ഷികൾ ഇരിക്കുന്നു. എരണ്ടകളാണ് അഥവാ ചേരക്കോഴി എന്നും പറയും. കായൽ ബണ്ട്കെട്ടി തടഞ്ഞുനിർത്തിയ ഭാഗത്തിനപ്പുറം പച്ച പുതച്ച വയലുകളാണ്. ഇതിനെ കായൽ നിലങ്ങൾ എന്നു പറയുന്നു
കായൽ നിലങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിന് കായൽ കുത്തിയെടുക്കുക എന്നാണ് പറയുന്നത് .
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലം നാട്ടിൽ എങ്ങും ഭക്ഷ്യ ക്ഷാമം. എന്താണ് ഇതിനൊരു പരിഹാരം അരിയുടെ ഉൽപാദനം വർദ്ധിപ്പിക്കുക. പക്ഷേ എങ്ങനെ? കർഷകർ ആലോചിച്ചു ഒടുവിൽ അവരുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. എന്താണെന്നോ വേമ്പനാട്ട് കായൽ വറ്റിച്ച് അവിടെ നെൽകൃഷി ചെയ്യുക.
കായൽ വറ്റിക്കുകയോ ? എന്നിട്ട് വയലാക്കി കൃഷി ചെയ്യുകയോ ? എങ്ങനെ ?
അക്കാലത്ത് തിരുവിതാംകൂറിൽ രാജഭരണം ആയിരുന്നു. ഇന്ത്യ ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരും. നെല്ല് കൃഷി ചെയ്യുന്നതിന് കായൽ പതിച്ചു കൊടുക്കുന്ന കാര്യം അറിയിച്ചപ്പോൾ രണ്ടു കൂട്ടരും സമ്മതിച്ചു.
അങ്ങനെ ആദ്യത്തെ കായൽ നിലം വെള്ളത്തിനടിയിൽ നിന്ന് ഉയർന്നുവന്നു. കായൽ വറ്റിച്ചെടുത്ത നിലം കായൽ നിലമായി. ഇന്ന് കുട്ടനാട്ടിൽ ഏകദേശം ഇരുപതിനായിരത്തോളം ഏക്കർ കായൽ നിലമുണ്ട്. കായലിന്റെ 32 വ്യത്യസ്ത ഭാഗങ്ങളിലായി വിഭജിച്ചു കിടക്കുന്ന കായൽ നിലങ്ങളിൽ ഓരോ വർഷവും 40,000 ടൺ നെല്ല് വിളയുന്നു. കേരളത്തിന്റെ ‘ നെല്ലറ ‘ എന്ന് കുട്ടനാടിനെ വിശേഷിപ്പിക്കുന്നതിൽ കായൽ നിലങ്ങൾക്കുള്ള പങ്ക് വലുതാണ്..
ഒരുകാലത്ത് ഓളമിളകി കിടന്നിരുന്ന വേമ്പനാട്ടുകായൽ ആണ് വറ്റിച്ച് ഈ വിധം നെൽകൃഷി ചെയ്യാൻ ഒരുക്കിയതെന്ന് അറിയുമ്പോഴാണ് മനുഷ്യന്റെ അധ്വാനത്തിന്റെ വില മനസ്സിലാകുന്നത്. ആദ്യകാലങ്ങളിൽ കരയോട് ചേർന്ന് കിടന്ന കായൽ ഭാഗങ്ങളാണ് കുത്തിയെടുത്തിരുന്നത്. ധാരാളം തൊഴിലാളികളുമായി വള്ളങ്ങൾ കായലിന്റെ മുകളിൽ എത്തും. കായൽ ഭാഗങ്ങൾ എത്ര വളച്ചു കെട്ടി കുത്തി എടുക്കണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടാകും. ഇവിടെ നീളമുള്ള ഇല്ലിമുളകൾ ഇടവിട്ട് ഒരേ അകലത്തിൽ കുത്തി നിർത്തും. ഇല്ലിമുളകളിൽ ചങ്ങല ഉടക്കി വലിച്ചാണ് അളവ് നിജപ്പെടുത്തുക. വലിയ തെങ്ങുകൾ പത്ത് കോൽ നീളത്തിൽ മുറിച്ച് നാലായി കീറി കൂർപ്പിച്ച് കുറ്റികളാക്കും. ഇത്തരത്തിൽ ആയിരക്കണക്കിന് തെങ്ങിൻ കുറ്റികൾ നാട്ടും. മുളകൾ കീറി ചതച്ച് ചെറ്റകൾ ആക്കി ഈ കുറ്റികളുടെ താഴെ തട്ട് മുതൽ വച്ചു കെട്ടും. അടിത്തട്ടിൽ ആദ്യം നാട്ടിയ കുറ്റികളിൽ നിന്ന് പത്തടി അകലത്തിൽ മറ്റൊരു നിര തെങ്ങിൻ കുറ്റികൾ അടിച്ചുതാഴ്ത്തും. രണ്ടുനിരകളിലായുള്ള കുറ്റികളുടെ മുകൾഭാഗം അഞ്ചടി വരത്തക്ക വിധത്തിലാണ് ക്രമീകരിക്കുന്നത്. വെള്ളത്തിൽ മുങ്ങി തെങ്ങിൻ കുറ്റികൾ ചരിച്ചുപിടിച്ചു കൊടുക്കുന്നതിനാൽ നിരപ്പ് തെറ്റുകയില്ല
രണ്ടുനില കുറ്റികൾ തമ്മിൽ അടിഭാഗത്ത് പത്തടിയും മുകൾഭാഗത്ത് അഞ്ചടിയും വ്യത്യാസമുണ്ടായിരിക്കും. ഈ കുറ്റി കൾക്കിടയിൽ കടൽക്കരയിൽ നിന്നു കൊണ്ടുവരുന്ന മണൽ ഒരടി കനത്തിൽ നിരത്തും. ഇതിനുമുകളിൽ പുറം കായലിൽ നിന്ന് എടുക്കുന്ന ചെളി കട്ടകൾ മൂന്നടി കനത്തിൽ നിരത്തും. ഇതിന് മുകളിൽ ഇലകളോട് കൂടിയ മരക്കൊമ്പുകൾ തിരിച്ചും മറിച്ചും അടുക്കുന്നു. വീണ്ടും ചെളികട്ടകൾ നിറച്ച് ഇതിനെ ഉറപ്പാക്കി എടുക്കുന്നു. ഇത്തരത്തിൽ കായലിന്റെ ഒരു ഭാഗം മുഴുവൻ ചുറ്റിയെടുത്ത് ബണ്ട് (വരമ്പ് ) ജലനിരപ്പിന് രണ്ടടി മുകളിൽ വരെ ഉയർത്തി എടുക്കും. ഇതിനുശേഷം ബണ്ടിനകത്തുള്ള വെള്ളം എൻജിൻ കൊണ്ട് പമ്പ് ചെയ്ത് ബണ്ടിനപ്പുറത്തെ കായലിലേക്ക് കളയുന്നു. ഇങ്ങനെ ബണ്ടിനകത്തെ വെള്ളം വറ്റിക്കുമ്പോൾ നിലം കാണപ്പെടുന്നു. പുറത്തെ ജനനിരപ്പിന് വളരെ താഴെയായിരിക്കും കായൽ നിലം.
ആയിരക്കണക്കിന് തൊഴിലാളികൾ നൂറു കണക്കിന് വള്ളങ്ങളിൽ പണിയായുധങ്ങളുമായി രാവും പകലും അധ്വാനിക്കുന്നു. കർഷകരുടെയും, കർഷക തൊഴിലാളികളുടെയും ഉത്സവമേളമായിരുന്നു ഈ കായൽ കുത്ത്. ഓരോ വലിയ കായലും കുത്തി എടുക്കുവാൻ മൂന്നും നാലും വർഷം വരെ വേണ്ടിവന്നു.
ആദ്യകാലങ്ങളിൽ കരയോട് ചേർന്നുള്ള കായൽ ഭാഗങ്ങൾ ആയിരുന്നു കുത്തിയെടുത്തിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടായപ്പോൾ മുരുക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് എന്ന കർഷകൻ കരയിൽ നിന്നും കിലോമീറ്ററുകൾക്ക് അകലെ പുറം കായലിൽ ഒരു ഭാഗം പങ്ക് കൂടാതെ സ്വന്തമായിട്ട് കുത്തിയെടുത്തു. തിരുവിതാംകൂറിൽ നിന്ന് കായൽനിലങ്ങൾ കാണുവാൻ അമ്മ മഹാറാണിയും, ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും കുട്ടനാട്ടിൽ എത്തിയിരുന്നു കായൽ നിലങ്ങൾ കണ്ട് സന്തുഷ്ടരായ അവർ പട്ടും, വളയും നൽകി മുരിക്കനെ ആദരിച്ചു. മാത്രമല്ല “കൃഷിരാജൻ ” എന്ന സ്ഥാനപ്പേരും നൽകുകയുണ്ടായി. ഇദ്ദേഹം പിൽക്കാലത്ത് ‘കായൽ മുരിക്കൻ ‘ എന്ന പേരിൽ അറിയപ്പെട്ടു
നെല്ലു മാത്രമല്ല ചില ബ്ലോക്കുകളിൽ കപ്പ വാഴ, കൊക്കോ മറ്റ് കൃഷികൾ എന്നിവയും ചെയ്യുന്നുണ്ട്.
വേമ്പനാട്ട് കായലിനെ ആവാസ മേഖലയാക്കി ജീവിക്കുന്ന അനേകം കായൽ പക്ഷികൾ ഇവിടെ ഉണ്ട്. കാക്കപൊന്മാൻ, കരിന്തലയൻ പൊന്മാൻ, കരയാള, ചാരമുണ്ടി, കരിങ്കോച്ച, ചൂളൻഎരണ്ട, ചേരക്കോഴി, നീലക്കോഴി താമരക്കോഴി, നീർക്കാക്ക, താലിപ്പരിന്ത്, പവിഴക്കാലി, വെള്ള കൊക്കൻ, കുളക്കോഴി, പാട്ടകോഴി, കൃഷ്ണപ്പരുന്ത് തുടങ്ങി അനേകം ഇനത്തിൽപ്പെട്ട കായൽ പക്ഷികൾ ഇവിടെയുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു
ബോട്ടിന്റെ മുകൾത്തട്ടിൽ നിന്നും ഞങ്ങളെ വിളിക്കുന്നുണ്ട്. ഊണ് കാലമായിരിക്കുന്നു. എല്ലാവരും മുകൾ നിലയിലേക്ക് കയറിപ്പോയി. വിഭവസമൃദ്ധമായ ആഹാരമാണ് ബോട്ടിൽ ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ചോറ്, മോര്, സാമ്പാർ, അവിയൽ,, തോരൻ മെഴുക്കുപുരട്ടി, അച്ചാർ, പപ്പടം, ചിക്കൻ എന്നിവയ്ക്കൊപ്പം നല്ല ഒന്നാംതരം കരിമീൻ വറുത്തതും… ആഹാ കലക്കി
ഊണ് കഴിഞ്ഞുള്ള വിശ്രമ സമയത്ത് ഞങ്ങളുടെ റെക്ടർ ഫാദർ ജിജി കലവനാൽ അച്ഛൻ ചില നല്ല ഗെയിമകൾ നൽകി. നല്ല രസമുള്ള ആ ഗെയിമുകൾ ഞങ്ങൾ ശരിക്ക് ആസ്വദിച്ചു. മാത്രമല്ല പ്രൊഫഷണൽ ഫോട്ടോ, വീഡിയോ ഗ്രാഫർ ആയ ഫാദർ കായൽ പശ്ചാത്തലമാക്കി എല്ലാവരുടെയും ഫോട്ടോയും എടുത്തു നൽകി
നൂറിൽ അധികം ഇനം മത്സ്യങ്ങൾ ഈ കായലിൽ ഉണ്ട്. എന്നാൽ മുപ്പതിൽ താഴെ മത്സ്യങ്ങളെ മാത്രമേ മനുഷ്യൻ ആഹാരത്തിനായി ഉപയോഗിക്കുന്നുള്ളൂ. കടലിൽ നിന്ന് കായലിലേക്ക് വരുന്നതും, പുഴയിൽ നിന്ന് കായലിലേക്ക് വരുന്നതും, കായലിന്റേതായ മീനുകളും ചേർന്ന് വിവിധതരം മത്സ്യങ്ങളുടെ ഒരു കൂട്ടമാണ് കായലിൽ സാധാരണ കാണാറുള്ളത്
ആറ്റുവാള, ഭീമൻ ആറ്റുകൊഞ്ച്, വരാൽ ചെമ്മീൻ, പൂമീൻ, കരിമീൻ, തിരുത, കണമ്പ് ചെമ്പല്ലി, ഞണ്ട്, കക്ക, കല്ലുമ്മക്കായ എന്നിവയും ഈ കായലിൽ കാണപ്പെടുന്നു
നമ്മുടെ കയർ വ്യവസായത്തെ നിലനിർത്തുന്നത് കായലകൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തൊണ്ട് അഴുക്കൽ, തൊണ്ട് തല്ലൽ, കയറുപിരിപ്പ്, കയർ നിർമ്മാണം തുടങ്ങിയ തൊഴിലുകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾ ഈ കായലോര ഗ്രാമങ്ങളിൽ താമസിക്കുന്നുണ്ട്
സർദാർ കെ എം പണിക്കർ, ഐ.സിചാക്കോ ലോക നാടകവേദിയിലെ കേരളത്തിന്റെ പ്രതിഭ അറിയിച്ച കാവാലം നാരായണ പണിക്കർ, നമ്മുടെ പ്രിയപ്പെട്ട കവി അയ്യപ്പപ്പണിക്കർ, ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട ശ്രീ. പി എൻ പണിക്കർ,
സംഗീതത്തിൽ ഡോക്ടർ ഓമനക്കുട്ടി
ശ്രീ എംജി രാധാകൃഷ്ണൻ
ശ്രീ എം ജി ശ്രീകുമാർ
സിനിമയിൽ നിന്നും ശ്രീ നെടുമുടി വേണു, സംവിധായകൻ ശ്രീ.ജോൺ അബ്രഹാം, ശ്രീ ബാലചന്ദ്രമേനോൻ, ശ്രീ. പ്രിയദർശൻ തുടങ്ങിയവരെല്ലാം കുട്ടനാട് നമുക്ക് സമ്മാനിച്ച മഹാ പ്രതിഭകളാണ്
സമയം മൂന്നര ആയിരിക്കുന്നു. ഇനി തിരിച്ചു പോവുകയാണ് . ഓളപ്പരപ്പിൽ ഒന്ന് വട്ടം കറങ്ങി ബോട്ട് കരയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. അതാ അങ്ങ് അകലെ കണ്ണത്താ ദൂരത്ത് തുരുത്ത് പോലൊരു ഭാഗം. അത് ‘പാതിരാമണൽ ആണ് . വേമ്പനാട്ടുകായലിലെ ഒരു ദ്വീപാണ് പാതിരാമണൽ . തണ്ണീർമുക്കം ബണ്ടിനും കുമരകത്തിനും ഇടയിൽ ഇത് സ്ഥിതി ചെയ്യുന്നു.
നാലുമണിക്ക് മുകളിൽ നിന്നും വീണ്ടും വിളിച്ചു നല്ല ഒന്നാന്തരം ചായയും കൂടെ നല്ല പഴംപൊരിയും. അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ബോട്ട് പുറപ്പെട്ടതീരത്തേക്ക് അടുക്കുകയായിരുന്നു.
ഒന്നുകൂടി തിരിഞ്ഞ് കായലിന്റെ വിശാലതയിലേക്ക് നോക്കി അതെ വേമ്പനാടൻ മഹാ ശക്തനാണ്. അവന്റെ ശക്തമായ ഒരു ഓളം മതി കായിൽ നിലങ്ങളും, കരയിലെ മനുഷ്യരും മറ്റ് ജീവജാലങ്ങളും എന്നെന്നേക്കും അപ്രത്യക്ഷമാകാൻ. ഭക്ഷണമില്ലാതെ മനുഷ്യൻ വിഷമിക്കുന്നത് കണ്ടപ്പോഴാണ്, മനുഷ്യന് നിലമൊരുക്കാൻ വെമ്പനാടൻ തലയൊന്നു കുനിച്ചു കൊടുത്തത്. ഒരിക്കലും ശക്തമായ ഓളങ്ങളാൽ കായൽ നിലങ്ങളെയോ, മനുഷ്യരെയോ അവൻ ആക്രമിച്ചിട്ടില്ല. ഈ കായൽ രാജാവിനോട് വല്ലാത്തൊരു ബഹുമാനം തോന്നിപ്പോകുന്നു.
കായൽ തിരുത്തു നിന്നും വീണ്ടും ബസ്സിൽ കയറി ആലപ്പുഴ ബീച്ചിലേക്ക്. ഏകദേശം രണ്ടു മണിക്കൂറോളം ആലപ്പുഴ ബീച്ചിൽ ചെലവഴിച്ചു. അതിനുശേഷം ബസ്സിൽ ഞങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചു. ആരും അറിയാതെ ഞങ്ങൾക്ക് വേണ്ട അത്താഴം കൊല്ലം ഡോൺബോസ്ക്കോയിൽ സജി അച്ഛൻ ക്രമീകരിച്ചിരുന്നു. പത്തുമണിയോടെ ഞങ്ങൾ കൊല്ലം തോപ്പ് ഡോൺബോസ്ക്കോ യിലെത്തി. ഫാദർ സ്റ്റീഫൻ മുക്കാട്ടിൽ അച്ഛൻ ഞങ്ങളെ വരവേൽക്കാൻ ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും നന്നായി തന്നെ ആഹാരം കഴിച്ചു. സ്റ്റീഫൻ മുക്കാട്ടിൽ അച്ഛന്റെ ബർത്ത് ഡേ അടുത്ത ദിവസങ്ങളിൽ ആയിരുന്നതിനാൽ ഞങ്ങൾ കേക്ക് മുറിക്കുകയും അച്ഛന് ജന്മദിന ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വീണ്ടും ബസ്സിലേക്ക്… രാത്രി 11 മണിയോടെ ഞങ്ങൾ തിരുവനന്തപുരം ഡോൺബോസ്ക്കോയിൽ എത്തി.
ഈ യാത്രയിൽ ഞങ്ങൾക്ക് വേണ്ട സംരക്ഷണം നൽകിയ ദൈവത്തിന് ഞങ്ങളുടെ നന്ദി പറഞ്ഞുകൊള്ളുന്നു
ഇങ്ങനെ ഒരു യാത്രയ്ക്ക് അനുവാദം നൽകുകയും, ഞങ്ങളോടൊപ്പം വരികയും ചെയ്ത ഡോൺ ബോസ്കോ റക്ടർ ഫാദർ ജിജി കലവനാൽ അച്ഛന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
ഞങ്ങളുടെ ചെറിയ ചെറിയ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരു മടിയും കൂടാതെ സാധിച്ചു തരുന്ന പ്രിയപ്പെട്ട ഡയറക്ടർ ഫാദർ സജി ഇളമ്പശ്ശേരിയിൽ അച്ഛനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ വിനോദയാത്രയ്ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു തന്ന
ശ്രീ മാനുവൽ ജോർജ് സാറിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
വിനോദയാത്രയിൽ പങ്കെടുത്ത എല്ലാ സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി
വീണ്ടുമൊരു വിനോദയാത്രയ്ക്കായി കാത്തിരുന്നുകൊണ്ട് നിങ്ങളുടെ സ്വന്തം തമ്പിസാർ ❤️