2022 ഒക്ടോബർ ഒന്നാം തീയതി ഇടവക വികാരി സെബാസ്റ്റ്യൻ അച്ഛന്റെ പ്രാർത്ഥനയോടുകൂടി കൃത്യം 9:45നു സ്നേഹതീരത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഇടവക വികാരിയും യൂത്ത് ആനിമേറ്ററും 14 യുവജനങ്ങളും അടങ്ങുന്ന സംഘമാണ് മനസ്സിന്റെ താളം തെറ്റി അലയുന്ന അഗതികളെയും ആലംബഹീനരെയും ഉപേക്ഷിക്കപ്പെട്ടവരുമായ സഹോദരികളെ സന്ദർശിക്കാൻ യാത്രതിരിച്ചത്. വെഞ്ഞാറമൂട്ടിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് സ്നേഹതീരം സ്ഥിതി ചെയ്യുന്നത്.പാട്ടുകൾ പാടിയും ദംശറാസ് കളിച്ചും ലഘുഭക്ഷണം പങ്കുവെച്ചും യാത്ര മുന്നോട്ട് നീങ്ങി. കപ്പ കൃഷിയും റബർ തോട്ടവും താറാവുകളും മരങ്ങളും പാറയും നിറഞ്ഞ പ്രകൃതിരമണീയമായ മലയോര ഗ്രാമമാണിത്. ഒന്നരമണിക്കൂറിന്റെ യാത്രയ്ക്കൊടുവിൽ കാരുണ്യത്തിന്റെ സാന്ത്വന സ്പർശവുമായ സ്നേഹതീരത്തിൽ എത്തിച്ചേർന്നു.
വളരെ സ്നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് സ്നേഹതീരത്തിലെ സിസ്റ്റേഴ്സ് ഞങ്ങളെ ജ്യൂസ് നൽകി സ്വാഗതം ചെയ്തത്. ഞങ്ങളുടെ വരവിനു വേണ്ടി അവർ പ്രാർത്ഥനയോടെ ഒരുങ്ങിയിരിക്കുകയായിരുന്നു. യാത്രയിൽ ഉടനീളം പലരുടെയും ഹൃദയത്തിൽ നിലനിന്നിരുന്ന പല ചോദ്യങ്ങൾക്കും സിസ്റ്റർ ലിസി സ്നേഹതീരത്തിന്റെ ചരിത്രത്തിലൂടെ ഉത്തരം നൽകി. 2002 സെപ്റ്റംബർ 26ആം തീയതിയാണ് സ്നേഹതീരം ജന്മം എടുത്തത്. രണ്ടു മാനസികരോഗികൾ മല മൂത്രവിസർജനം ഭക്ഷിക്കുന്ന ദൃശ്യം കണ്ട് മനസ്സ് നൊന്ത് അവർക്ക് വേണ്ടി ഒരു അഭയകേന്ദ്രം നിർമ്മിക്കാൻ സിസ്റ്റർ റോസലിൻ ആഗ്രഹിച്ചു. റോസിലിൻ സിസ്റ്ററിന്റെ ആഗ്രഹവും കഠിനമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് 350പേർ അടങ്ങുന്ന രണ്ട് സ്ഥാപനങ്ങൾ രൂപം കൊണ്ടത്. ”എന്റെ ഏറ്റവും ഈ എളിയ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇതു ചെയ്തു കൊടുത്തപ്പോള് എനിക്കു തന്നെയാണ് ചെയ്തുതന്നത്” എന്ന് വചനത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന സിസ്റ്റേഴ്സിനെ നമുക്ക് ഇവിടെ കാണുവാൻ സാധിച്ചു. തെരുവോരങ്ങളിൽ ആർക്കും വേണ്ടാതെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മാനസികമായ വിഷമം അനുഭവിക്കുന്ന ഒരുപാട് അമ്മമാരെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.പായ ഉണ്ടാക്കിയും ജപമാല ഉണ്ടാക്കിയും അവർ സമയം ചെലവഴിക്കുന്നു .യുവജനങ്ങളുടെ നൃത്തവും പാട്ടും എല്ലാവരെയും സന്തോഷഭരിതരാക്കി. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സ്നേഹതീരത്തിലെ അമ്മമാരും നൃത്തചുവടുകൾ കാഴ്ചവെച്ചു ഒപ്പം മനോഹരമായി പാടുകയും ചെയ്തു.അമ്മമാരുടെ പാടുവാനുള്ള ആവേശം എടുത്തു പറയേണ്ടതാണ്.
കിട്ടുന്ന അവസരം എത്രത്തോളം നന്നായി വിനിയോഗിക്കണം എന്നും ജീവിതത്തിൽ അമ്മയുടെ സ്ഥാനം,അമ്മമാരെ ബഹുമാനിക്കണം എന്നും സ്നേഹിക്കണം എന്നും സ്നേഹതീരത്തിലെ അമ്മമാർ നമുക്ക് പഠിപ്പിച്ചു തന്നു. എടുത്തു പറയേണ്ട മറ്റൊരു സവിശേഷത വൃത്തിയാണ്. 120 അമ്മമാരെ സംരക്ഷിക്കുന്ന സ്ഥലത്തിന്റെ വൃത്തി നാം ഏവരും മാതൃകയാക്കണം. മിഠായിയെടുക്കൽ കളിയും സംഘടിപ്പിച്ചു. വളരെ ആവേശത്തോടെയാണ് അമ്മമാർ പങ്കെടുത്തത്. നെവിൽ അങ്കിൾന്റെ ആക്ഷൻ സോങ് ഏവരെയും ആവേശ തിമിർത്തിലാക്കി. പാട്ടുപാടിയും കൈകൾ കൊട്ടിയും എല്ലാവരും ആനന്ദിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ സഹായമാതാ ഇടവകയിൽ നിന്ന് ലഭിച്ച വസ്തുക്കളും ധനവും സ്നേഹതീരത്തിലേക്ക് കൈമാറി. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുണ്ടായിരുന്ന കന്നുകാലികളെയും പരിസരവും ഇളം കാറ്റും ഏവരും ആസ്വദിച്ചു. ഏറെ ഹൃദയസ്പർശിയായ അനുഭവമായിരുന്നു…ഉച്ചയ്ക്ക് മൂന്നുമണിയോടെ സ്നേഹതീരത്തിലെ സ്നേഹ നിമിഷങ്ങൾക്ക് ശേഷം സഹായമാതാ ഇടവകയിലേക്ക് വീണ്ടും യാത്ര തിരിച്ചു.