2022 ഒക്ടോബർ 16ാം തീയതി യൂത്ത് ഡയറക്ടർ ജിജി അച്ഛന്റെ നേതൃത്വത്തിൽ അഞ്ചുപേർ അടങ്ങുന്ന സംഘം ഓസ്കാർ നാമനിർദേശം ചെയ്യപ്പെട്ട കനേഡിയൻ നാടകചിത്രമായ “INCENDIES” കാണുവാനായി കൃത്യം 9:30ക്ക് ഡോൺ ബോസ്കോ നിവാസിലേക്ക് യാത്ര തിരിച്ചു.
കൂട്ടായ്മ അനുഭവം, ആശയം പങ്കുവയ്ക്കൽ, കഥാപാത്രങ്ങളിലൂടെ ജീവിതമെന്ന നിഗൂഢ സത്യം വെളിപ്പെടുത്തുക, കാലഘട്ടങ്ങളിൽ വന്ന വ്യത്യാസം തുടങ്ങി നിരവധി കാര്യങ്ങൾ യുവജനങ്ങളെ അഗാധമായി ചിന്തിപ്പിക്കാനുള്ള ഒരു യാത്രയായിരുന്നു അത്. 9:45നു ഡോൺ ബോസ്കോ നിവാസിൽ എത്തിച്ചേർന്ന ഞങ്ങളെ മുകളിലെ എ.സി റൂമിലേക്ക് കൊണ്ടുപോയി അവിടെ ഞങ്ങൾക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. രണ്ടുമണിക്കൂർ 10 മിനിറ്റോളം നീണ്ടുനിന്ന സിനിമ രണ്ടു ഭാഗങ്ങളായിട്ടാണ് ജിജി അച്ഛൻ പ്രദർശിപ്പിച്ചത് ഇടയ്ക്ക് ഒരു കോഫി ബ്രേക്കും ഉണ്ടായിരുന്നു.
ഒരു സിനിമ കണ്ട കോരിതരിച്ചിരിക്കാൻ താല്പര്യമുള്ള എല്ലാവരും ഉറപ്പായിട്ടും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് “INCENDIES” എന്ന നാടക ചിത്രം.ലുബ്ന ആസാബലാണ് നവാൽ മർവാൻ എന്ന ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിച്ചത്. തന്റെ മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്നെ തന്റെ ഇരട്ടക്കുട്ടികളായ സൈമൺ മർവാനും ജെൻ(Jeanne) മർവാനും അവർക്ക് മറ്റൊരു സഹോദരൻ ഉണ്ടെന്നും അതുവരെ മരിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന തങ്ങളുടെ പിതാവ് ജീവനോടെ ഉണ്ടെന്ന് സത്യം ആ അമ്മ ഒരു കത്തിലൂടെ വെളിപ്പെടുത്തുന്നത്. അവരെ കണ്ടുപിടിച്ച ആ രണ്ട് കത്തുകളും എത്തിച്ച ശേഷം മാത്രം തന്റെ ശവം അടക്കം ചെയ്യാവൂ എന്ന് വിൽപത്രത്തിൽ നവാൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. തുടർന്ന് അമ്മയുടെ മറിഞ്ഞിരിക്കുന്ന ഭൂതകാലം തേടിയുള്ള ആ രണ്ടു മക്കളുടെയും യാത്രയാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു സ്ത്രീയും ഒരിക്കലും ദുസ്വപ്നത്തിൽ പോലും കാണാൻ ആഗ്രഹിക്കാത്ത കയ്പ്പേറിയ അനുഭവങ്ങളിലൂടെ നവാൽ കടന്നു പോയതെന്ന് കുട്ടികളും നമ്മളും മരവിപ്പോടെയാണ് മനസിലാക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് ശ്വാസം നിലക്കുന്ന ട്വിസ്റ്റിലേക്കാണ് ഡെനിസ് വില്ലെന്യൂവ് നമ്മെക്കൊണ്ട് എത്തിച്ചത്. രണ്ട് കത്തുകളുടെയും ഉടമ ഒരാളാണ് എന്ന നിഗൂഢ സത്യത്തിലേക്ക്.1+1=1 എന്ന സത്യത്തിലേക്ക്.
സിനിമയ്ക്കുശേഷം, ചിത്രത്തിലേ കഥാപാത്രങ്ങളും സന്ദർഭങ്ങളും യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്തികൊണ്ടുള്ള ചർച്ചകളാണ് ജിജി അച്ഛൻ മുന്നോട്ടുവെച്ചത്. ലിയോനാർഡോ ഡാവിഞ്ചി ഈശോയുടെയും യൂദാസിന്റെയും മുഖം ഒരു വ്യക്തിയിൽ നിന്ന് പകർത്തിയത് പോലെ രണ്ട് കത്തുകളുടെയും ഒരേ ഉത്തരം അബു താരിക്കായി മാറുന്നു. കുഞ്ഞുനാളുകൾ തനിക്ക് ജന്മം നൽകിയ അമ്മയെ കണ്ടെത്തുവാൻ അവൻ അതിയായി ആഗ്രഹിച്ചു…കാലങ്ങൾ കടന്നു പോയപ്പോൾ അവൻ ആ അമ്മയെ കണ്ടു എന്നാൽ ഇത്രകാലമായി അന്വേഷിച്ചുകൊണ്ടിരുന്നത് ഈ സ്ത്രീയെയാണ് എന്നറിയാതെ അവളെ ക്രൂരമായി പീഡിപ്പിച്ച ഗർഭിണിയാക്കുന്നു. കഥയുടെ അവസാനം കത്തുകൾ കൈയിൽ കിട്ടുമ്പോൾ താൻ അന്വേഷിച്ച് മനസ്സുകൊണ്ട് സ്നേഹിച്ച അമ്മയാണല്ലോ പീഡിപ്പിച്ചത് എന്നറിഞ്ഞ് വിഷമം തങ്ങി നിൽക്കുന്ന ആ മുഖം നമുക്ക് കാണുവാൻ സാധിക്കും. ജീവിതവും ഇങ്ങനെ തന്നെയാണ് സമയം കഴിയുംതോറും മനുഷ്യന് എന്തുവേണമെങ്കിലും വ്യത്യാസം വരാം.ജനിക്കുമ്പോൾ തന്നെ ആരും കുറ്റക്കാരനായി ജനിക്കുന്നില്ല ജീവിതത്തിലെ സാഹചര്യങ്ങളാണ് ഒരുവനെ മാറ്റിമറിക്കുന്നത്… അവനെ അന്ധനാക്കുന്നത്. മനുഷ്യന്റെ ഉള്ളിന്റെയുള്ളിൽ ആരും അറിയാത്ത… ആരും കാണാൻ ആഗ്രഹിക്കാത്ത… ആരോടും പറയാൻ ആഗ്രഹിക്കാത്ത ഒരു കാലം കാണും അത് നമ്മൾ ഒളിപ്പിക്കും എന്നാൽ ആ സത്യം ഒരു ദിവസം പുറത്ത് വരും എന്ന് നവാലിന്റെ ചരിത്രം വെളിപ്പെടുത്തുന്നതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
നമ്മുടെ ഒപ്പം നടക്കുന്നവർ എത്രത്തോളം വേദനയിലൂടെയാണ് കടന്നുപോകുന്നത് അഥവാ കടന്നു പോയതെന്ന് പലപ്പോഴും അറിയാൻ സാധിക്കാതെ വരാറുണ്ട്. അതിനുള്ള ഉദാഹരണമാണ് ഇത്രകാലമായി കൂടെ ജോലി ചെയ്തിട്ടും അവസാന നാളുകളിലാണ് നോറ്റൈറെ ജീൻ ലേബൽ പോലും തന്റെ സെക്രട്ടറിയുടെ കഥ വേദനയോടെ തിരിച്ചറിയുന്നത്. നോറ്റൈറെ എല്ലാ സത്യങ്ങളും നവാലിൽ നിന്നും മനസ്സിലാക്കുന്നുണ്ടെങ്കിലും അത് മക്കളോട് വെളിപ്പെടുത്തുന്നതിന് പകരം സത്യത്തിന്റെ ചുഴില് അഴിക്കാനായി അവരെ പറഞ്ഞു വിടുന്നു. ഇതുപോലെ തന്നെയാണ് ജീവിതവും, നമുക്ക് ആവശ്യമായ ഒരു സാധനം അധ്വാനം ഒന്നും കൂടാതെ ലഭിക്കുകയാണെങ്കിൽ അതിനു വില കാണും എന്നാൽ പൂർണ്ണമായ മൂല്യം ഉണ്ടാവുകയില്ല അതിന്റെ സ്വാദ് പൂർണ്ണമായി രുചിച്ചറിയണമായിരുന്നുവെങ്കിൽ അത് അധ്വാനത്തിലൂടെ നേടണമായിരുന്നു. ചർച്ചയ്ക്കിടയിൽ ജിജി achan ഉന്നയിച്ച ഒരു ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുകയാണ്. ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിട്ടും എന്തുകൊണ്ട് യുവജനങ്ങൾ മുന്നോട്ടു വരുന്നില്ല?… ഈ ചോദ്യം പ്രസക്തമാണ്. നമ്മുടെ ചുറ്റുപാടും നമുക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട് എന്നാൽ എന്തുകൊണ്ട് നാം നമ്മുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നില്ല? സൗജന്യമായി തന്നതുകൊണ്ട് അതിനു മൂല്യം കുറഞ്ഞിട്ടുണ്ടാകുമോ?… ഈ ചോദ്യങ്ങൾ എങ്കിലും കാലത്തിന് കൈമാറാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഹൃദയത്തിൽ സ്പർശിച്ച മറ്റൊരു സംഭവമാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ക്രൂരമായി കുഞ്ഞുമക്കളെ പോലും കൊല്ലുന്ന ദൃശ്യം. പരസ്പരം സ്നേഹിക്കണം എന്ന അടിസ്ഥാനപ്രമാണത്താൽ കെട്ടിപ്പടുത്ത ഉയർത്തിയവയാണ് ഇപ്പോൾ മതത്തിന്റെ പേരിൽ നിഷ്ഠൂരമായി വധിക്കുന്നത്. ഇതൊക്കെ കൊണ്ടാവാം യുവതലമുറ മതം ജാതി തുടങ്ങിയവ ഇല്ലാത്ത ഒരു ലോകത്തെ അന്വേഷിക്കുന്നത്.
അരമണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ പുതിയ അറിവുകളും പുതിയ ചിന്തകളുമായി ഒരുമണിക്ക് ഡോൺ ബോസ്കോ നിവാസിൽ നിന്നും യാത്രയായി.എത്ര കാലം കഴിഞ്ഞാലും നീറ്റലായി നമ്മുടെ മനസ്സിൽ അവശേഷിക്കുന്ന ചിത്രം തന്നെയാണ് “INCENDIES”.