തിരുവനന്തപുരം റെയിൽവേ ചൈൽഡ്ലൈൻ ആരംഭിച്ച കാലഘട്ടം. ശരിയായ സോഷ്യൽ വർക്ക് പശ്ചാത്തലമോ കുട്ടികളുടെ മേഖലകളിൽ ജോലി ചെയ്തു മറ്റു മുൻപരിചയമോ ഒന്നും തന്നെ ഇല്ല. പാരാമെഡിക്കൽ പശ്ചാത്തലത്തിൽ വന്ന ഞാൻ ആകെ ഉള്ള മുൻപരിചയം വീട്ടിലെയും അയൽവക്കത്തെയും കുട്ടികളെ താലോലിച്ചും തലോടിയും പരിചരിച്ചും ഉള്ള പരിചയം മാത്രമായിരുന്നു.
സോഷ്യൽ വർക്കിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന കാലം… പുതിയതായി ജോയിൻ ചെയ്ത റെയിൽവേ ചൈൽഡ്ലൈൻ ടീമിന് ആദ്യത്തെ 3,4 ദിവസങ്ങളിൽ ചൈൽഡ്ലൈൻ തമ്പാനൂർ IU ന്റെ നേതൃത്വത്തിൽ ട്രെയിനിംഗ് നടക്കുന്നു. ഉച്ചവരെ ചൈൽഡ്ലൈൻ കേസ് ഫോളോ-അപ്പ്സ്, ഓഫീസ് ഡ്യൂട്ടി, ഔട്രീച്ച് അവേർനസ്സ് ഒക്കെ കഴിഞ്ഞു സീനിയർ ചൈൽഡ്ലൈൻ സ്റ്റാഫ് ആയ ഇമ്മാനുവൽ സൈലസ് സാറിന്റെ കൂടെ റെയിൽവേ ക്യാബിൻ ഡ്യൂട്ടിക്കായി എത്തി…
സാർ ഞങ്ങൾക്ക് റെയിൽവേ സ്റ്റേഷനും പരിസരങ്ങളും എങ്ങനെ ഔട്രേറ്റ് ചെയ്ത് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താം എന്നു വിശദീകരിച്ചു പറഞ്ഞു തന്നശേഷം അന്നേ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ 9 പേരെ 2,3 ടീമുകളായി ആയി തിരിച്ച് പ്ലാറ്റ്ഫോമുകളും റെയിൽവേ പരിസരങ്ങളും ഔട്രീച്ച് ചെയ്യാൻ നിയോഗിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഔട്രീച്ച് ചെയ്യുന്നതിനിടയിൽ എന്റെ മൊബൈൽ ഫോണിലേക്ക് ഡോൺ ബോസ്കോ ഓഫീസിൽ നിന്നും മെറീന മാഡം വിളിച്ചുപറഞ്ഞു. പ്ലാറ്റ്ഫോം മൂന്നിൽ കൊല്ലം ഭാഗത്ത് ഒരു കുട്ടിയെ കണ്ടെത്തി. എത്രയും പെട്ടെന്ന് ഞങ്ങളോട് അവിടെ എത്താനും പറഞ്ഞു. തുടർന്ന് അവിടെയെത്തി ഞങ്ങൾ കണ്ട കാഴ്ച ഇമ്മാനുവൽ സൈലസ് സാറും അമല മേഡവും പ്ലാറ്റ്ഫോമിൽ മുഷിഞ്ഞ വസ്ത്രധാരിയായ ഒരു അമ്മയും അവരുടെ കൈയ്യിൽ ജനിച്ചിട്ട് ഏതാനും ദിവസം മാത്രം പ്രായമുള്ള ഒരു ചോരകുഞ്ഞിനെയും അവർ നെഞ്ചോട് ചേർത്ത് പിടിച്ചു ഒപ്പം തന്റെ 6 വയസ്സുള്ള മൂത്തമകളുടെ കയ്യും പിടിച്ച് വാക്കു തർക്കത്തിൽ ഏർപ്പെട്ട് നിൽക്കുന്നത് കണ്ടു.
ഇമ്മാനുവൽ സാർ, അമല മാഡത്തിനോട് കുട്ടിയെ റെസ്ക്യൂ ചെയ്യാൻ പറഞ്ഞു. എന്നാൽ അമ്മ കുട്ടിയെ കൊടുക്കാൻ തയ്യാറാകുന്നില്ല. ഇതുകേട്ട് ദൂരെ നിന്നും ഓടികിതച്ചെത്തിയ ഞാൻ വന്നപാടെ അമ്മയുടെ കയ്യിൽ നിന്നും കുട്ടിയെ വാരിയെടുത്തു. ആ അമ്മ ഒരു വിസമ്മതവും കാണിക്കാതെ കുട്ടിയെ എന്റെ കൈയിൽ തന്നു. അപ്പോഴേക്കും സിറ്റുവേഷൻ മോശം ആകുകയും ചുറ്റും യാത്രക്കാരും റെയിൽവേ ജീവനക്കാരും മറ്റു ഉദ്യോഗസ്ഥരും അവിടെ കൂടിയിരുന്നു. അമ്മയെയും കുട്ടികളെയും അവിടെ നിന്നും എത്രയും പെട്ടെന്ന് സുരക്ഷിതമായി മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ മുന്നിലെ വെല്ലുവിളി. അപ്പോഴേക്കും യാത്രക്കാരിൽ ഒരാൾ താൻ മീഡിയയിൽ ആണ് ജോലി ചെയ്യുന്നതെന്നും നിങ്ങൾ ആരാണ്? എന്താണ് ഈ ചെയ്യുന്നതെന്നും ചോദിച്ച് മുന്നോട്ട് വന്നു. അമല മാഡം അദ്ദേഹത്തിന് ചൈൽഡ്ലൈൻ അവേർ നെസ്സ് നൽകുകയും അതോടൊപ്പം കുട്ടിയെ കിട്ടിയ സാഹചര്യം വിവരിച്ചു. അമ്മ തന്റെ കൈകുഞ്ഞിനെ പ്ലാറ്റഫോംമിൽ വെറും നിലത്തിട്ട് കുളിപ്പിക്കുന്നതായി കണ്ട് ക്ലീനിംഗ് സ്റ്റാഫ് ആണ് പരാതിപ്പെട്ടത്. നിങ്ങൾക്ക് കൂടുതലായി എന്തെങ്കിലും വിവരം ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ ഡയറക്ടർ ഫാദർ തോമസ് പി ഡിയെ വിളിക്കാമെന്ന് പറഞ്ഞ് നമ്പറും നൽകി. അമ്മയെയും കുട്ടിയെയും ഞങ്ങൾ അവിടെ നിന്നും ഡോൺ ബോസ്കോ ഷെൽട്ടർ ഹോം ഓഫീസിലേക്ക് മാറ്റി. കുഞ്ഞിന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി കുളിപ്പിച്ചു പുതിയ ഉടുപ്പുകൾ ധരിപ്പിച്ചു. കൂടാതെ അമ്മയ്ക്കും 6 വയസ്സുകാരിക്കും വസ്ത്രങ്ങൾ നൽകി. തുടർന്ന് ആ അമ്മയോട് സൗഹൃദപരമായി ഞാനും മറീന മാഡവും കാര്യങ്ങൾ തിരക്കി. അമ്മപറഞ്ഞു ആറു മാസം ഗർഭിണി ആയിരുന്നപ്പോൾ ഭർത്താവ് ഒരു അപകടത്തിൽ നഷ്ട്ടപെട്ടു. പറയത്തക്ക ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല മാതാപിതാക്കൾ നേരത്തെ മരണപെട്ടിരുന്നു. മൂത്ത 6 വയസ്സുള്ള മകളാണ് അമ്മയുടെ പ്രസവശേഷം ചൂട് വെള്ളവും കഞ്ഞിയും ഒക്കെ ഉണ്ടാക്കി കൊടുക്കുന്നത്. ജീവിക്കാൻ വഴി മുട്ടിയപ്പോൾ തനിക്ക് അറിയാവുന്ന ഒരു തൊഴിൽ പൂ കെട്ടിക്കൊടുക്കുന്നതായിരുന്നു. മധുരയിൽ നിന്നും പൂ കെട്ടി തിരുവനന്തപുരത്ത് എത്തിച്ചു കൊടുക്കുമ്പോൾ തന്റെ ഒരു ബന്ധുവായ ചേച്ചി അത് വിറ്റു പൈസ കൊടുക്കും അതായിരുന്നു ഏക ആശ്രയം. പ്രസവം കഴിഞ്ഞു ചേച്ചിയെ വിളിച്ചപ്പോൾ ഫോണിൽ കിട്ടുന്നില്ല അങ്ങനെയാണ് പൂവ് കൊണ്ട് തിരുവനന്തപുരത്ത് ചേച്ചിയെ അന്വേഷിച്ച് വന്നത്. ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു നാട്ടിൽ അവരുടെ ബന്ധുവിനെ വിളിച്ചുചോദിച്ചു ചോദിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചു. അപ്പോൾ ആണ് അറിയുന്നത് തിരുവനന്തപുരത്തുള്ള അവരുടെ സഹോദരി അവരെ അന്വേഷിച്ച് മധുരയിൽ എത്തിയെന്ന് എന്ന വിവരം.
അവർക്ക് തിരിച്ചു നാട്ടിലേക്ക് പോകണം. ഡയറക്ടർ ഫാ. തോമസ് ആ അമ്മയോട് കാര്യങ്ങൾ തിരക്കി. അവരുടെ നിസ്സഹായ അവസ്ഥ മനസിലാക്കിയ അച്ചൻ ചോദിച്ചു നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കും വരെ ആ കുഞ്ഞിനെ കുറച്ചു നാളത്തേക്ക് ഇവിടെ ഏതെങ്കിലും ഷെൽട്ടർ ഹോമിൽ ആക്കു ന്നോയെന്ന്. അത് കേട്ടപാടെ അമ്മ ദേഷ്യപ്പെട്ടു കുഞ്ഞിനെ ആർക്കെങ്കിലും കൊടുക്കാൻ ആണോ ഞാൻ ഇത്രെയും വേദനകൾ സഹിച്ച് പ്രസവിച്ചത്? എത്ര കഷ്ട്ട പ്പെട്ടാലും ഞാൻ അവരെ വളർത്തുമെന്ന് അമ്മ പറഞ്ഞു. നിങ്ങളുടെ അവസ്ഥ കണ്ട് പറഞ്ഞതാണ് അങ്ങനെ എന്തേലും സഹായം വേണമെങ്കിൽ വിളിച്ചാൽ മതിയെന്നും അമ്മയോട് ഡയറക്ടർ പറഞ്ഞു. അവർക്ക് ആഹാരവും ട്രെയിൻ ടിക്കറ്റും എടുത്തു നൽകി നാട്ടിലേക്ക് അയക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ഡയറക്ടർ നിർദേശിച്ചു. അവരുടെ വീട് മധുരയിൽ ആണെന്നും അവിടെ ഇറങ്ങിട്ട് 2-3 മണിക്കൂർ യാത്ര ഉണ്ടെന്നും അതിനാൽ രാത്രിയിൽ ഉള്ള മധുര പാസഞ്ചർ ട്രെയിനിൽ പോയാൽ രാവിലെ അവിടെ എത്തുമെന്നും അവിടന്ന് ബസിന് പോകാമെന്നും അമ്മ പറഞ്ഞു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ നേരം ഞാൻ ആ അമ്മയോട് പറഞ്ഞു നൈറ്റ് ഡ്യൂട്ടി സ്റ്റാഫ് വന്നു ട്രെയിൻ കയറ്റി വിടുമെന്നും നാട്ടിൽ എത്തിയാൽ ഉടൻ ഞങ്ങളെ വിളിക്കണമെന്നും പറഞ്ഞു ഓഫീസ് നമ്പരും നൽകി. ഇറങ്ങാൻ നേരം എനിക്കും മറീന മാഡത്തിനും വളരെ ഭംഗിയായി അടുക്കി കെട്ടിയ മുല്ലപ്പൂമാല ആ അമ്മ ഞങ്ങൾക്കു തന്നു. പൈസ വാങ്ങാൻ എത്ര നിർബന്ധിച്ചിട്ടും ആ അമ്മ തയ്യാറായില്ല.
നാട്ടിൽ എത്തിയ വിവരം ഓഫീസിൽ വിളിച്ച് പറഞ്ഞിരുന്നു.
രണ്ടാഴ്ചയ്ക്കു ശേഷം അമ്മ വീണ്ടും ഓഫീസിലേക്ക് വിളിച്ചു. അന്ന് ഡയറക്ടർ അച്ചൻ പറഞ്ഞ കാര്യം ആലോചിച്ചു. തന്റെ ഇളയ മകളെ തൽക്കാലത്തേക്ക് ഒരു ഹോമിൽ നിർത്താൻ പറ്റുമൊന്നു ചോദിച്ചു.
അമ്മയോട് കുട്ടിയുമായി വരാൻ പറഞ്ഞു. CWC ഹാജരാക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് അറിയുന്നത് കുട്ടിക്ക് ഇന്ന് 28 ദിവസം തികയുകയുള്ളുവെന്നു. ഞാൻ ആ അമ്മയോട് ചോദിച്ചു എന്തിനാ അന്നു കുട്ടിക്ക് ഒരു മാസം പ്രായം ഉണ്ടെന്നു പറഞ്ഞത്? ആ അമ്മ നിറകണ്ണുകളോടെ എന്നോട് പറഞ്ഞു പേടിച്ചിട്ടാണ് പറയാതിരുന്നത്. മോളുടെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഒരു കുറവും വരുത്താതെ ആണ് ഞങ്ങളെ നോക്കിയിരുന്നത്. ആശുപത്രിയിൽ നിന്നും പേര് വെട്ടി ഏഴാം ദിവസമാണ് തിരുവനന്തപുരത്ത് പൂവും കൊണ്ട് വന്നത്. ഇപ്പോ മാഡത്തിന് മനസ്സിലാവുമെല്ലോ ഞങ്ങളുടെ അവസ്ഥ. എത്ര കാലം അയൽവാസികളെ ബുദ്ധിമുട്ടിക്കും. പട്ടിണിയാണെങ്കിലും ആർക്കും ഒരു ബാധ്യത ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാഡം എന്നോട് ക്ഷമിക്കണമെന്ന് ആ അമ്മ പറഞ്ഞപ്പോൾ എന്ത് പറഞ്ഞു അവരെ ആശ്വസിപ്പിക്കണം എന്നറിയാതെ വാക്കുകൾക്ക് ക്ഷാമം നേരിട്ട് പതറിപ്പോയി… ഇന്നത്തെ സമൂഹത്തിൽ സ്വന്തം സാഹചര്യം വിറ്റും നനഞ്ഞിടം കുഴിച്ചും ജീവിച്ചുനിലകൊള്ളുന്ന ഒരുപറ്റം ആളുകളുടെ ഇടയിൽ എന്നും മാതൃകയാണ് ആ അമ്മ.
CWC ൽ ഞാനും മറീന മാഡവും കുട്ടിയെ അമ്മയോടൊപ്പം ഹാജരാക്കി. CWC ഓർഡർ പ്രകാരം കുട്ടിയെ ശിശു ക്ഷേമസമിതിയിലെക്ക് താൽക്കാലികമായി ഏൽപ്പിക്കാൻ തീരുമാനമായി. ശിശുക്ഷേമ സമിതിയിൽ കുട്ടിയെ കൈമാറുന്നതിനു മുന്നേ ആ അമ്മ അവസാനമായി മുലയൂട്ടി തലോടി ഉമ്മവച്ചശേഷം കുട്ടിയെ എന്റെ കൈയിൽ തന്നു എന്നിട്ട് പറഞ്ഞു മാഡം മോളെ കൈമാറിയാൽ മതിയെന്ന്. ആ അമ്മയുടെ നെഞ്ച് പിടയുന്ന വേദന കണ്ടുനിന്നു എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ആ കുഞ്ഞിനെ കൈയിൽ വാങ്ങിപ്പോൾ അവൾ എന്നെ നിഷ്കളങ്കമായി നോക്കുകയാണ്. നടപടി ക്രമങ്ങൾ കഴിഞ്ഞ് ഏതാനും നിമിഷത്തിനകം സമിതിയിൽ കുട്ടിയെ ഞാൻ കൈമാറി. കുറെ അധികം ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ച് അവിടെ നിന്നും പടിയിറങ്ങി. ഇറങ്ങാൻ നേരം ഞാൻ പറഞ്ഞു കുട്ടിയെ കാണാൻ തോന്നുമ്പോൾ ഓഫീസ് നമ്പറിൽ വിളിച്ചിട്ട് വന്നാൽ മതി CWC-ൽ നിന്നും അനുവാദം വാങ്ങിച്ച് ഇവിടെ വന്ന് കാണാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തരാമെന്ന് ഉറപ്പ് നൽകി അവരെ നാട്ടിലേക്ക് അയച്ചു.
അന്ന് കണ്ടതിൽ പിന്നെ ഞാൻ ആ അമ്മയെ ഇതുവരെ കണ്ടിട്ടില്ല. പലപ്രാവശ്യം ഫോളോ-അപ്പിനായി വിളിച്ചെങ്കിലും കിട്ടിയില്ല.
ശിശുക്ഷേമ സമിതിയിൽ നിന്നും വർഷങ്ങൾക്ക് ശേഷം അറിയാൻ സാധിച്ചത് ആ കുട്ടിയെ ഏറ്റെടുക്കാൻ ആരും വരാത്തത് കൊണ്ട് തന്നെ അഡോപ്ഷൻ പോയതായി എന്നു…
അമ്മയുടെ നിവർത്തികേട് കൊണ്ടാണോ കുട്ടിടെ നല്ല ഭാവി ഓർത്തണോ ആ അമ്മ തിരക്കി വരാത്തതെന്നത് അജ്ഞാതം… ഒന്ന് മാത്രം അറിയാം കുട്ടികൾ ഇല്ലാത്ത ഏതോ ദമ്പതികളുടെ മകളായി അവൾ വളരുന്നുണ്ടാകും…