നക്ഷത്ര കണ്ണുള്ള മാലാഖ കുഞ്ഞുങ്ങൾ.
Rescue and rehabilitation of a mother and child from the street
കുഞ്ഞുങ്ങളുടെ കണ്ണുകൾ പലപ്പോഴും തിളങ്ങാറുണ്ട്. അവർ ഏറ്റവും ഇഷ്ടപ്പെടുന്നത് നമ്മൾ കൊടുക്കുമ്പോൾ ആ കണ്ണുകൾ തിളങ്ങും.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പാളങ്ങളിലൂടെ അലക്ഷ്യമായി നടക്കുന്ന നാടോടി സ്ത്രീയെ പോലീസ് കണ്ടെത്തി ചൈൽഡ് ലൈനിൽ ഏൽപ്പിക്കുമ്പോൾ ആ സ്ത്രീയുടെ തോളിൽ അഞ്ചുവയസ് പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ ആ അമ്മ സാരിതലപ്പുകൊണ്ട് പുതച്ചിരിക്കുകയായിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ആ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങിയ ചൈൽഡ് ലൈൻ ടീം ഞെട്ടിപ്പോയി. അബോധാവസ്ഥയിൽ കിടന്നിരുന്ന കുഞ്ഞിന്റെ കഴുത്തിൽ പഴുത്തു വൃകൃതമായ ആഴത്തിലുള്ള ഒരു മുറിവുണ്ടായിരുന്നു. ദുർഗന്ധം വമിക്കുന്ന ആ മുറിവിന്റെ വേദനയാൽ കുഞ്ഞിന് തന്റെ കഴുത്ത് ഉയർത്തുവാൻ സാധിച്ചിരുന്നില്ല. പോലീസിന്റെ സഹായത്തോടെ അമ്മയെ മെന്റൽ ഹോസ്പിറ്റലിൽ മാറ്റിയശേഷം കുഞ്ഞുമായി റെയിൽവേ ചൈൽഡ് ലൈൻ ടീം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു. ചൈൽഡ് ലൈൻ കൊണ്ടുവന്നതിനാൽ വളരെ വേഗത്തിൽ തന്നെ കുഞ്ഞിന് ചികിത്സ ആരംഭിച്ചു. പല ലാബുകളിലും ടെസ്റ്റിനായി കുട്ടിയെ എടുത്തുകൊണ്ടുതന്നെ പോകേണ്ടി വന്നു. നാളുകൾ നീണ്ട ചികിത്സക്കു ശേഷം മുറിവുകൾ കരിഞ്ഞു തുടങ്ങി. തുടർന്ന് കഴുത്ത് നേരെ നിൽക്കുവാൻ പ്ലാസ്റ്റർഇട്ടു. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം അവൻ പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരികെ വന്നു.ഈ സമയം മാനസിക ആരോഗ്യം വീണ്ടെടുത്ത അമ്മയെ ഹോസ്പിറ്റലിൽ നിന്നും ഒരു അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ആ അമ്മയോട് സംസാരിച്ചപ്പോൾ ഉത്തർ പ്രാദേശിൽ റെയിൽവേ പുറംപോക്കിൽ കഴിയുന്ന നാടോടികളാണെന്നും, ഒരിക്കൽ കുട്ടി ബിസ്ക്കറ് കഴിച്ചുകൊണ്ടിരുന്നപ്പോൾ കാട്ടു കുരങ്ങുകൾ ബിസ്ക്കറ്റിനുവേണ്ടി കുട്ടിയെ ആക്രമിക്കുകയും, അവൻ കൊടുക്കാതിരുന്നതിനാൽ ഒരു വലിയ കുരങ്ങ് അവന്റെ കഴുത്തിൽ കടിക്കുകയും മുറിവുണ്ടാകുകയും ചെയ്തു. ഭയന്നുപോയ അമ്മ കുട്ടിയുടെ മുറിവിൽനിന്നും രക്തം തുടച്ചു കളഞ്ഞശേഷം അവിടെനിന്നും യാത്രാതിരിച്ചതാണ്. പല സ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞു ഒടുവിൽ കേരളത്തിൽ തിരുവനന്തപുരത്ത് എത്തിയതാണ്….
തിരുവന്തപുരം ഡോൺബോസ്ക്കോ നിവാസിന്റെ സംരക്ഷണയിലും,സുരക്ഷയിലും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച ആ കുഞ്ഞ് ഒരിക്കൽ വിഷമത്തോടെ തന്റെ അമ്മയെക്കുറിച്ചു ചോദിച്ചു.നിന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ നിന്നെ കൊണ്ടുപോയി അമ്മയെ കാണിക്കാം എന്ന് പറഞ്ഞപ്പോൾ, അതുവരെ നഷ്ട്ടപെട്ടുപോയി എന്ന് കരുതിയ അമ്മ ഉണ്ട് എന്നറിഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ കണ്ട തിളക്കം……
അവന്റെ നഷ്ട്ടപെട്ട ബാല്യവും, കൂടെ മാനസിക ആരോഗ്യം വീണ്ടെടുത്ത അവന്റെ അമ്മയെയും തിരികെകൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.
ഇന്ന് അവൻ സ്കൂളിൽ പഠിക്കുന്നു. പഠിച്ചു ഒരു ജോലി വാങ്ങി അമ്മയെ നോക്കണം എന്നവൻ പറയുമ്പോൾ അവന്റെ കണ്ണുകളിൽഡോൺ ബോസ്ക്കോ നിവാസിനോടുള്ള നന്ദിയുടെ,ജീവിക്കുവാനുള്ള പ്രത്യാശയുടെ തിളക്കം കാണുവാൻ നമുക്ക് സാധിക്കും……